6th Queer pride Keralam
ആറാമത് ലൈംഗിക സ്വാഭിമാന ഘോഷയാത്ര, കേരളം
2015 ജൂലൈ 11 ശനിയാഴ്ച 3 മണി മുതല്‍
തിരുവനന്തപുരം മാനവീയം വീഥി മുതല്‍ വി ജെ ടി ഹാള്‍ വരെ.
സുഹൃത്തുക്കളെ,
വിമത ലൈംഗികത ഉയർത്തിപ്പിടിയ്ക്കുന്ന രാഷ്ട്രീയ മുദ്രാവാക്യങ്ങളുമായി കേരളം ആറാമത് ലൈംഗിക സ്വാഭിമാന ഘോഷയാത്ര 2015 ജൂലൈ 11 ശനിയാഴ്ച തലസ്ഥാന നഗരിയില്‍ ആഘോഷപൂര്‍വ്വം സംഘടിപ്പിക്കപ്പെടുകയാണ്. 2009 ജൂലായ് മാസത്തിൽ ഇന്ത്യന്‍ ശിക്ഷാ നിയമം 377 വകുപ്പിന് ഡെല്‍ഹി ഹൈക്കോടതി നടത്തിയ ചരിത്രപരമായ പുനര്‍വായനയുടെ ഓര്‍മ്മ പുതുക്കാനും ലൈംഗിക ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കും പൊതുസമൂഹത്തിനും ഒന്നിച്ചു വരാനും നമ്മുടെ സാന്നിധ്യം രാഷ്ട്രീയപരമായി തന്നെ അറിയിക്കാനും വേണ്ടിയായിരുന്നു കേരളത്തിലും ലൈംഗിക സ്വാഭിമാന ഘോഷയാത്രയും അനുബന്ധ പ്രവര്‍ത്തനങ്ങളും ക്വിയർ പ്രൈഡ് കേരളത്തിന്റെ ആഭിമുഖ്യത്തിൽ തുടങ്ങി വച്ചത്. എന്നാൽ ക്വിയർ പ്രൈഡ് ആഘോഷങ്ങൾ ഇന്ന് ഇന്ത്യയുടെ പരമോന്നത നീതിപീഠം ബഹുമാനപ്പെട്ട ഡെല്‍ഹി ഹൈക്കോടതി നടത്തിയ പുനർവായന റദ്ദാക്കിക്കൊണ്ടു നടത്തിയ വിധി പ്രസ്ഥാവനയ്ക്കെതിരായ പ്രതിഷേധം കൂടിയാണ്. കൂടാതെ വിമതലൈംഗികതയെറിച്ചും സ്വവർഗ്ഗ പ്രണയിതാക്കളെക്കുറിച്ചും ദൈനംദിന ജീവിതത്തിൽ അനുഭവിച്ഛുകൊണ്ടിരിക്കുന്ന അവഗണനകളും അതിക്രമങ്ങളും വിഷമതകളും പുറം ലോകത്തോട് പറയാനും ഞങ്ങളുടെ സ്വയം നിർണ്ണയാവകാശം ഊട്ടിയുറപ്പിക്കുന്നതിനായുള ്ള ഒരവസരമായും ഞങ്ങൾ കണക്കാക്കുന്നു. ഇത്തരം രാഷ്ട്രീയ ഇടപെടലുകളിലൂടെ സ്വന്തം ലൈംഗികതയെക്കുരിച്ഛും ലിംഗ സ്വത്വത്തെക്കുറിച്ചും തുറന്നു പറയാൻ കഴിയാതെ പോകുന്ന ലക്ഷക്കണക്കിനാളുകൾക്ക് ആത്മധൈര്യം പകരാൻ കഴിയുമെന്നു ഞങ്ങൾ പ്രത്യാശിക്കുന്നു. ജനാധിപത്യവിശ്വാസികളായ മുഴുവൻ വ്യക്തികളും സംഘടനകളും വിദ്യാര്‍ത്ഥി സമൂഹവും മാധ്യമ പ്രസ്ഥാനങ്ങളും ചലച്ചിത്ര കൂട്ടായ്മകളും കലാ സാംസ്കാരിക മനുഷ്യാവകാശ പാരിസ്തിതിക രംഗത്തു പ്രവര്‍ത്തിക്കുന്നവരും ഗവണ്മെന്റ് ഗവണ്മെന്റിതര സംഘടനകളും കൂട്ടായ്മകളും ലിംഗ ലൈംഗിക വ്യത്യസ്തതകളുടെ രാഷ്ട്രീയം വിളിച്ചോതുന്ന ഈ അതിജീവന പോരാട്ടത്തിന്റെ ഭാഗമാവുവാൻ ഞങ്ങൾ വിനീതമായി അഭ്യർത്ഥിക്കുകയാണ്.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി സ്വന്തം അവകാശങ്ങള്‍ക്കും തുല്ല്യ സാമൂഹിക പദവിയ്ക്കുമായി ഒരു ജനത നടത്തുന്ന അതിജീവന സമരത്തെ ഇനിയും അവഗണിക്കുന്നത് പുരോഗമനവാദികളെന്നും അഭ്യസ്ഥ വിദ്യരെന്നവകാശപ്പെടുന്ന നമ്മുടേതുപോലെയുള്ള ഒരു സമൂഹത്തിനു ഭൂഷണമല്ല. സ്വവര്ഗ്ഗ പ്രണയവുമായി ബന്ധപ്പെട്ട്ട് കേരളത്തിന് പുറത്തുള്ള വിവിധ സംസ്ഥാനങ്ങളിലെ നിയമ നിര്മ്മാണ നിർവ്വഹണ വിഭാഗങ്ങൾ കഴിഞ്ഞ കാലങ്ങളിൽ കൈക്കൊണ്ട പല പുരോഗമനപരമായ ആശയങ്ങളും പുരുഷമേധാവിത്വ സമൂഹത്തിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി കണ്ടില്ലെന്നു നടിക്കുന്നത് പൗരാവകാശങ്ങൾ നിഷേധിക്കുന്നതിന് തുല്ല്യമാണ്. മറ്റ് രാജ്യങ്ങളിൽ ട്രാൻസ്ജെൻഡർ സമുദായാംഗങ്ങൾക്കും സ്വവര്ഗ്ഗ പ്രണയിതാക്കൾക്കും നല്കുന്ന പ്രത്യേക പരിഗണനയും സ്നേഹവും കരുതലും എന്തുകൊണ്ടാണ് നമ്മുടെ സഹോദരങ്ങൾക്കും സുഹ്രുത്തുക്കൾക്കും നമ്മുക്ക് നല്കാൻ കഴിയാത്തത്? സമൂഹം പുരുഷകേന്ദ്രീകൃതമായി നിർമ്മിച്ച സംവിധാനങ്ങൾക്കുള്ളിൽ നിൽക്കാത്ത, ആണത്തത്തിന്റെയും സ്ത്രീത്വത്തിന്റെയും ലക്ഷണശാസ്ത്രത്തിൽ ഒതുങ്ങാത്ത മനസ്സുകളേയും ശരീരങ്ങളേയും മറ്റ് എന്തിനേയും അസ്വാഭാവികവും അശ്ലീലവും പ്രകൃതി വിരുദ്ധവുമായി മുദ്രകുത്തി ജയിലിലും ഭ്രാന്താശുപത്രികളിലും തളയ്ക്കാൻ ശ്രമിയ്ക്കുന്നത് മനുഷ്യാവകാശങ്ങൾക്കെതിരായ കടന്നു കയറ്റം തന്നെയല്ലേ? സ്വവര്ഗ്ഗപ്രണയം എന്നത് വളരെ ജൈവീകവും സ്വാഭാവികവുമായ ഒന്നാണെന്നും സ്വവര്‍ഗ്ഗപ്രണയത്തോടും പ്രണയിതാക്കളോടുമുള്ള അസാധാരണമായ പേടിയും അവഗണനയുമാണ് മനുഷ്യാവകാശ നിഷേധം എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന് നു. ആണും പെണ്ണും പോലെ , ആണും ആണും, പെണ്ണും പെണ്ണുമെല്ലാം പ്രേമിക്കട്ടെ, വ്യത്യസ്തങ്ങളായ ലിംഗ സ്വത്വങ്ങൾ പുറംതോടു പൊട്ടിച്ചു വർണ്ണ ചിറകുകളുമായി പറക്കട്ടെ. സ്വതന്ത്രമായ ലൈംഗികതയുടെ പുതിയ സമവാക്യങ്ങൾ മനുഷ്യർക്കിടയിൽ ഇതളിടട്ടെ.
ഇത് നിലനില്പ്പിന്റെ ശരീരങ്ങളുടെ ജീവിതങ്ങളുടെ ആഘോഷമാണ്...വ്യത്യസ്തതകളുടെ ആനന്ദവും രാഷ്ട്രീയവും വിളിച്ചോതി...
സാഭിമാനം...
സുഹ്രുത്തുക്കളോടൊപ്പം പങ്കുചേരുമല്ലോ.
ആശംസകളോടെ
ക്വിയര്‍ പ്രൈഡ് കേരളം പ്രവർത്തകർ
കൂടുതൽ വിവരങ്ങൾക്ക്:
ക്വിയര്‍ പ്രൈഡ് കേരളം
18 / 248, നില, എം എസ് ബിൽഡിങ്ങിനു പുറകുവശം
നേതാജി റോഡ്, പൂത്തോൾ. തൃശ്ശൂർ- 4
ഫോണ്‍: 9744955866, 9809477058,
ഇമെയിൽ: queerpridekerala@gmail.com, queerpridekeralam@gmail.com.